Skip to content Skip to footer

മരുന്ന് ഒരു വട്ടം …… മരുത്തോര്‍വട്ടം
മരുന്നും മന്ത്രവും സമന്വയിക്കുന്ന പുണ്യസങ്കേതം
ഓം ശ്രീധന്വന്തരയേ നമ:
നമാമി ധന്വന്തരിമാദിദേവം
സുരാസുരൈര്‍വന്ദിതപാദപത്മം
ലോകേ ജരാരുഗ്ഭയമൃത്യുനാശം
ധാതാരമീശം വിവിധൗഷധീനം

അഷ്ടവൈദ്യന്മാരില്‍ പ്രധാനിയായിരുന്ന വെള്ളുടുനമ്പൂതിരിയുടെ വാസസ്ഥാനമെന്നനിലയില്‍, മരുന്ന് ഒരുവട്ടം എന്നൊരു സ്ഥലനാമവിശേഷണം, മരുത്തോര്‍വട്ടം എന്ന കൊച്ചുഗ്രാമത്തിന് പൂര്‍വ്വികമായിത്ത ന്നെ ഉണ്ടായിരുന്നു. ആലപ്പുഴജില്ലയിലെ ചേര്‍ത്തല നഗരത്തിന്‍റെ തെക്കുകിഴക്കേ അതിര്‍ത്തിയില്‍ ദേശീയപാതയില്‍നിന്ന് കൃത്യം ഒരു കിലോമീറ്റര്‍ കിഴക്കുമാറിസ്ഥിതി ചെയ്യുന്ന ശ്രീധന്വന്തരിക്ഷത്രം, മരുത്തോര്‍വട്ടം എന്ന സ്ഥലനാമം അന്വര്‍ത്ഥമാക്കുന്ന ദേവസ്ഥാന മാകുന്നു. വെള്ളുടുനമ്പൂതിരിയാല്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രത്തില്‍ ആയുര്‍വ്വേദാധിപനായ ശ്രീധന്വന്തരമൂര്‍ത്തിയാണ് പ്രധാന ദേവന്‍. പാലാഴി മഥനാന്ത്യത്തില്‍ ദേവരക്ഷാര്‍ത്ഥം വൈഷ്ണവാംശമായി അവതരിച്ച ശ്രീമഹാവിഷ്ണുവാണ് ശ്രീധന്വന്തരമൂര്‍ത്തി. ശകവര്‍ഷം, കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷത്രയോദശിയിലാണ് ശ്രീധന്വന്തരി അവതാരം. സര്‍വ്വരോ ഗനിവാരണനും, ആയുരാരോഗ്യ സൗഖ്യദായകനുമായ ശ്രീധന്വന്തരമൂര്‍ത്തി അവതാരം ചെയ്തപുണ്യദിനം, ധന്വന്തരിജയന്തിയായി ആചരിക്കപ്പെട്ടുവരുന്നു.

മരുത്തോര്‍വട്ടം ശ്രീധന്വന്തരി ക്ഷേത്രം

ഐതിഹ്യം

ഈ ക്ഷേത്രത്തിന്‍റെ ഐതിഹ്യം, കഠിനമായ ഒരു ഉദര രോഗം സുഖപ്പെട്ട ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. പണ്ട് ചേര്‍ത്തലയിലെ വയലാര്‍ ദേശത്ത് പുതിയായ്ക്കല്‍ ഒരു തമ്പുരാനുണ്ടായിരുന്നു. യമനിയ മാദികള്‍ പാലിച്ച് ഉത്തരപുരുഷനായി ജീവിച്ചിരുന്ന അദ്ദേഹം ഒരു ഉത്തമ ശിവ ഭക്തനുമായിരുന്നു. എന്നാല്‍ അദ്ദേഹത്തെ സദാ അലട്ടിയിരുന്ന ഒരു രോഗമായിരുന്നു ഉദരരോഗം. രോഗത്തിന്‍റെ കാഠിന്യം പല ദിവസങ്ങളിലും അദ്ദേഹത്തെ നിദ്രാവിഹീനനാക്കിയിരുന്നു. വൈയ്ക്കത്തു പെരുംതൃക്കോവിലപ്പനെ വിളിച്ചു പ്രാര്‍ത്ഥിച്ചിരുന്ന തോടൊപ്പം തന്നെ വിദഗ്ധചികിത്സകളും ചെയ്തുപോന്നിരുന്നു. എത്രയൊക്കെയായിട്ടും ഉദരവേദന വിട്ടുമാറിയില്ല എന്നു മാത്രമല്ല അതു പൂര്‍വ്വാധികം ശക്തിപ്രാപിക്കുകയും ചെയ്തു. തുടര്‍ന്ന് തമ്പാന്‍ വൈയ്ക്കത്ത് ക്ഷേത്രത്തിലെത്തി ഭജനമാരംഭിക്കുകയും ചെയ്തു.

         ഭജനമാരംഭിച്ച ദിവസം മുതല്‍ ഉദരവേദനയ്ക്ക് അല്പം ശമനം കിട്ടിയതായി തമ്പാനനുഭവപ്പെട്ടു. എങ്കിലും നിശ്ശേഷം വിട്ടുമാറിയില്ല. ക്ഷേത്രത്തിലെ നിവേദ്യച്ചോറ് അല്ലെങ്കില്‍ വലിയ ഊട്ടുപുരയിലെ സദ്യവട്ടങ്ങളില്‍ നിന്നും അല്പം ഭക്ഷണം ഇവയിലേതെങ്കിലും കഴിച്ച് പെരുംതൃക്കോ വിലപ്പനെ സദാ ധ്യാനിച്ച് ഭജന ദിവസങ്ങള്‍ കഴിച്ചുകൂട്ടിയ തമ്പാന് ഭജനം തീരുന്നതിന് തലേദിവസം രാത്രിയില്‍ ഒരു സ്വപ്നദര്‍ശനമുണ്ടായി. വൈക്കത്തപ്പന്‍ സ്വപ്നത്തില്‍ തമ്പാനോട് താഴെ വിവരിച്ച പ്രകാരം അരുളിച്ചെയ്തു.

        “ഭക്താ! നിന്‍റെ ഉദരരോഗം എന്‍റെ സന്നിധിയില്‍ വന്നതിനുശേഷം അല്‍പം കുറവുണ്ടെന്ന് നിനക്ക് തോന്നിയിരിക്കാം. എന്നാല്‍ രോഗത്തിന് ശമനമായിട്ടില്ല. നിന്‍റെ രോഗം ഭേദമാകണമെങ്കില്‍ ഇനി പറയുന്നതുപോലെ ചെയ്യുക. ചേര്‍ത്തല തെക്കുംമുറിയില്‍ കേളന്‍കുളം എന്നൊരു കുളമുണ്ട്. ആ കുളത്തില്‍ മൂന്നു വിഗ്രഹങ്ങള്‍ കിടപ്പുണ്ട്. നീ ആ കുളത്തിലിറങ്ങി മുങ്ങി തപ്പുമ്പോള്‍ ഒരു വിഗ്രഹം കിട്ടും. ആ വിഗ്രഹം കുളത്തില്‍ തന്നെ ഉപേക്ഷിക്കുക. കാരണം അതുവച്ചു പൂജിക്കാന്‍ ശക്തിയുള്ളവര്‍ ഈ ലോകത്താരും തന്നെയില്ല. രണ്ടാമതു കിട്ടുന്ന വിഗ്രഹം ശ്രീ ധന്വന്തരമൂര്‍ത്തി യുടേതാണ്. അത് ഏതെങ്കിലും ശ്രേഷ്ഠനായ ബ്രാഹ്മണന് ദാനം ചെയ്യണം. മൂന്നാമത് കിട്ടുന്ന വിഷ്ണു വിഗ്രഹം നീ കൊണ്ടുപോയി പ്രതിഷ്ഠിച്ച് ആരാധിക്കണം. അപ്പോള്‍ മാത്രമേ നിന്‍റെ രോഗം ശമിക്കുകയുള്ളൂ. ഇതൊരു വിധിനിയോഗമാണ്.” ഉറക്കത്തില്‍ നിന്നും ഉണര്‍ന്നതമ്പാന് ആരേയും കാണാന്‍ കഴിഞ്ഞില്ല എങ്കിലും അശരീരി കര്‍ണ്ണങ്ങളില്‍ മുഴങ്ങുന്നുണ്ടായിരുന്നു.

        പിറ്റേദിവസം ഭജനം കാലംകൂടി വൈക്കത്തപ്പനെ സാഷ്ടാംഗം പ്രണമിച്ച് പ്രാര്‍ത്ഥിച്ച് മടങ്ങി വീട്ടിലെത്തിയ തമ്പാന് ഉദരവേദന പൂര്‍വ്വാധികം ശക്തിയോടെ അനുഭവപ്പെട്ടു. വൈക്കത്തപ്പന്‍ സ്വപ്നത്തില്‍ നല്‍കിയ നിര്‍ദ്ദേശം അതുകൊണ്ടുതന്നെ താമസംവിനാ നടപ്പിലാക്കാന്‍ തീരുമാനിച്ചു. അതനുസരിച്ച് പിറ്റേദിവസം തന്നെ കേളന്‍കുളത്തിലിറങ്ങി മുങ്ങിത്തപ്പി. ആദ്യം കിട്ടിയ വിഗ്രഹം കുളത്തിലുപേക്ഷിച്ചു. രണ്ടാമത്കിട്ടിയ ധന്വന്തരി വിഗ്രഹുമായി യാത്രതിരിച്ചു. അപ്പോള്‍ എതിരെ വന്ന ശ്രേഷ്ഠനായ ഒരു ബ്രഹ്മണനെ കണ്ട് ആ വിഗ്രഹം അദ്ദേഹത്തിന് ദാനം ചെയ്തു. ആ ശ്രേഷ്ഠ ബ്രാഹ്മണന്‍ വെള്ളുടുനമ്പൂതിരി യായിരുന്നു. വീണ്ടും തമ്പാന്‍ കുളത്തില്‍ മുങ്ങി മൂന്നാമത്തെ വിഗ്രഹമെടുത്തുകൊണ്ടു പോയി. സ്വദേശത്ത്  പ്രതിഷ്ഠിക്കുകയും ആ ക്ഷേത്രത്തിന് കേരളാദിത്യപുരമെന്ന് പേരിടുകയും ചെയ്തു.

         വെള്ളുടുനമ്പൂതിരി, തനിക്കു കിട്ടിയ അമൂല്യവിഗ്രഹവുമായി മരുത്തോര്‍വട്ടത്തുള്ള തന്‍റെ ഭവനത്തിലെത്തി വിഗ്രഹം പൂജാമുറിയില്‍ സ്ഥാപിച്ച് പൂജചെയ്തുപോന്നു. അക്കാലത്താണ് താമസിച്ചിരുന്ന ചീരട്ടമണ്‍മൂസ് ടിപ്പുവിന്‍റെ പടപേടിച്ച് കുടുംബാംഗങ്ങളോടൊത്ത്, കിട്ടാവുന്ന ധനവുമായി തിരുവിതാംകൂറില്‍ അഭയം തേടി. തിരുവിതാംകൂര്‍ രാജാവിനെ മുഖം കാണിച്ച് വിവരങ്ങള്‍ ഗ്രഹിപ്പിച്ച മൂസിനോട് രാജാവിന് താല്പര്യം ജനിക്കുകയും ചേര്‍ത്തലയില്‍ മരുത്തോര്‍വട്ടത്തുള്ള തന്‍റെ സ്വജനമായ വെള്ളുടുനമ്പൂതിരിയുടെ അടുക്കല്‍ ഇല്ലംകെട്ടി താമസമാക്കുന്നതിന് അനുവദിക്കുകയും ചെയ്തു. അപ്രകാരം ചീരട്ടമണ്‍മൂസ് മരുത്തോര്‍വട്ടത്ത് ഇല്ലം പണിത് കുടുംബവുമായി താമസം തുടങ്ങി. വെള്ളുടു ഇല്ലത്ത് നിത്യ സന്ദര്‍ശകനായ മൂസ് ഒരുനാള്‍ പൂജാ മുറിയിലിരിക്കുന്ന ധന്വന്തരി വിഗ്രഹം കാണുവാനിടയായി. തേജോമയമായ ആ വിഗ്രഹത്തിന്‍റെ ദര്‍ശനമാത്രയില്‍ തന്നെ ചീരട്ട മണ്‍മൂസ് മതിമറന്നു പോയിരുന്നു. തന്‍റെ സുഹൃത്തായ വെള്ളുടു നമ്പൂതിരിയുമായി അതേപ്പറ്റി സംസാരിക്കുകയും ചെയ്തു. ഇത്രയേറെ തേജസ്സുള്ള ഈ വിഗ്രഹം താങ്കളുടെ പൂജാ മുറിയില്‍ വച്ച് പൂജിക്കേണ്ടതല്ല. പ്രത്യുത, ഒരമ്പലം പണിത് അവിടെ പ്രതിഷ്ഠിച്ച് പൂജിക്കേണ്ടതാണ് എന്നു പറഞ്ഞു. എന്നാല്‍ വെള്ളുടുനമ്പൂതിരിക്ക് അപ്രകാരം ചെയ്യുന്നതിന് വേണ്ടത്ര സാമ്പത്തിക സ്ഥിതി ഇല്ലായിരുന്നു. ഇതെല്ലാം അറിയാമായിരുന്ന മൂസ് അതെല്ലാം എനിക്ക് വിട്ടുതരൂ ഞാന്‍ അമ്പലം പണിത് പ്രതിഷ്ഠ നടത്തിക്കൊള്ളാം. അങ്ങ് ഒരു ദമ്പിടിപോലും മുടക്കേണ്ട എന്ന് പറഞ്ഞു. അങ്ങനെ ചീരട്ട മണ്‍മൂസ്, ധന്വന്തരമൂര്‍ത്തിയ്ക്ക് ഒരമ്പലം പണിയുകയും വിധായാംവണ്ണം പ്രതിഷ്ഠ നടത്തുകയുമുണ്ടായി. ഈ ക്ഷേത്രമാണ് ഇന്നറിയപ്പെടുന്ന മരുത്തോര്‍വട്ടം ശ്രീധന്വന്തരിക്ഷേത്രം.

        ദേവവിഗ്രഹം വെള്ളുടുനമ്പൂതിരിയുടേതായിരുന്നു എന്നു പറഞ്ഞു വല്ലോ. എന്നാല്‍ അമ്പലം പണിത് പ്രതിഷ്ഠ നടത്തിയത് ചീരട്ടമണ്‍മൂസായിയിരുന്നതിനാല്‍ അമ്പലത്തിന്‍റെ അവകാശം രണ്ടുപേര്‍ക്കുമായി നിജപ്പെടുത്തി. പടിത്തരങ്ങള്‍ നിശ്ചയിക്കുകയുണ്ടായി. അതിന്‍പ്രകാരം ക്ഷേത്രത്തില്‍ നിത്യനിദാനം, മാസ വിശേഷം, ആട്ട വിശേഷം മുതലായ വയ്ക്കുവേണ്ടുന്ന മുതലും മൂസ് തന്നെ വകവച്ചു കൊടുത്തു. ക്ഷേത്രത്തിലെ മലര്‍നിവേദ്യത്തിന് പ്രതിദിനം മുന്നാഴി മലരും മൂന്നു കദളിപ്പഴവും ശര്‍ക്കരയുമായിരുന്നു. ഈ നിവേദ്യ പ്രസാദം ഒന്നിടവിട്ട ദിവസങ്ങളില്‍ രണ്ടില്ലക്കാര്‍ക്കുമായി കൊണ്ടുപോകാമെന്ന് തീരുമാനിച്ചിരുന്നു.

         ഇപ്രകാരം കിട്ടുമായിരുന്ന നിവേദപ്രസാദം ഒരിക്കല്‍ ഒരില്ലത്തെ കുട്ടികള്‍ രണ്ടുദിവസം അടുപ്പിച്ചുവാങ്ങുവാനിടയായി. ഇതിനെ ച്ചൊല്ലി രണ്ടില്ലക്കാരും തമ്മില്‍ വഴക്കുണ്ടാകുകയും ചെയ്തു. പരസ്പരം വൈരം വച്ചു പുലര്‍ത്തിയിരുന്നതുമൂലവും വെള്ളുടുനമ്പൂതിരിയ്ക്ക് നാട്ടില്‍ ഉണ്ടായിരുന്ന സ്വാധീനം കാരണവും മൂസിന് മരുത്തോര്‍വട്ടത്ത് താമസിക്കാന്‍ വയ്യ എന്ന അവസ്ഥയിലെത്തി. ചീരട്ടമണ്‍മൂസ് ഈ വിവരം സവിസ്തരം മഹാരാജാവ് തിരുമനസ്സിനെ അറിയിക്കുകയും മൂസിന്‍റെ ഇഷ്ടപ്രകാരം കോട്ടയം ഒളശ്ശയിലേയ്ക്ക് മാറിത്താമ സിക്കുന്നതിന് മഹാരാജാവ് അനുവാദം കൊടുക്കുകയും ചെയ്തു. അങ്ങിനെ കോട്ടയത്തുനിന്നും നാലുനാഴിക പടിഞ്ഞാറ് ഒളശ്ശയില്‍ ഒരില്ലം പണിത് കുടുംബസമേതം അങ്ങോട്ട് താമസം മാറുകയും ചെയ്തു

         ചീരട്ട മണ്‍മൂസ് മരുത്തോര്‍വട്ടത്ത് താമസം മതിയാക്കി കുടുംബ സമേതം ഒളശ്ശയിലേയ്ക്ക് താമസം മാറ്റിയെങ്കിലും വെള്ളുടുനമ്പൂതിരിക്കു പിന്നെയും സ്വൈര്യമുണ്ടാവില്ല. ക്ഷേത്രത്തിന്മേലുള്ള വെള്ളുടുനമ്പൂതിരിയുടെ സകല അവകാശങ്ങളും ഒഴിഞ്ഞു കൊടുക്കുകയോ അല്ലെങ്കില്‍ ക്ഷേത്രം പണിക്കും മറ്റും ചെലവായ തുക മടക്കികൊടുക്കുകയോ വേണമെന്ന് ചീരട്ട മണ്‍മൂസ് ശഠിച്ചു. തന്‍റെ പരദേവതയായ ശ്രീധന്വന്തരിയുടെ ക്ഷേത്രത്തിന്മേലുള്ള അവകാശം ഒഴിഞ്ഞു കൊടുക്കുന്നത് അചിന്തനീയമാണെന്നും വേണമെങ്കില്‍ തന്‍റെ സ്വത്തുക്കള്‍ ക്ഷേത്രം പണിക്ക് ചെലവായ തുകയ്ക്ക് പകരമായി നല്‍കാമെന്നും വെള്ളുടുനമ്പൂതിരി അറിയിച്ചു. അപ്രകാരം സമ്മതിച്ച മൂസിന് തന്‍റെ ഭൂസ്വത്തില്‍ ഏതാനും ഭാഗം വെള്ളുടുനമ്പൂതിരി എഴുതിക്കൊടുക്കുകയും ചെയ്തു. ജന്മിക്കര വ്യവസ്ഥ അവസാനിക്കുന്നതുവരെ ഈ വസ്തുക്കളുടെ ഉടമാവകാശം ചീരട്ട മണ്‍മൂസിനായിരുന്നു.

സ്ഥലനാമപുരാണം

മരുത്തോര്‍വട്ടം എന്ന് ഈ നാടിന് പേരുവന്നതിന് കാരണമായി പറഞ്ഞു കേള്‍ക്കുന്ന കഥകളില്‍ വിശ്വാസ്യതയുള്ള ഒന്ന് ഏകദേശം താഴെപ്പറയുന്ന പ്രകാരമാണ്. ആയൂര്‍വ്വേദ ചികിത്സാരംഗത്ത് അഷ്ട വൈദ്യന്മാരില്‍ പ്രധാനിയായിരുന്ന വെള്ളുടുന മ്പൂതിരി ചികിത്സയില്‍ അനിതര സാധാരണമായ കഴിവ് പുലര്‍ത്തിയിരുന്നു. രോഗം നിര്‍ണ്ണയിക്കുന്നതിനും അതിന് ചേര്‍ന്ന ഔഷധം തീരുമാനിക്കുന്നതിനും ഒരു പ്രത്യക കഴിവുതന്നെ നമ്പൂതിരിക്കുണ്ടായിരുന്നു. ചുരുക്കത്തില്‍ ഒരു രോഗത്തിന് ഒരുവട്ടം മരുന്ന് കൊടുത്താല്‍ മതിയെന്നു അവസ്ഥയുണ്ടായി. അങ്ങനെ “മരുന്ന് ഒരുവട്ടം” ലോപിച്ച് “മരുത്തോര്‍വട്ടം” എന്നായി മാറിയെന്നാണ് ഐതിഹ്യം.

CONTACT TEMPLE

Maruthorvattom Temple
Maruthorvattom Rd, Maruthorvattom,
Muttathiparambu, Cherthala,
Kerala 688539, India

+91 92491 13355
+91 90721 33355
+91 90723 13355

POWERED BY

© Copyright 2024