ശ്രീധന്വന്തരിയെ പിതാവായും ശ്രീഭഗവതിയെ മാതാവായുമാണ് ഇവിടുത്തെ ഭക്തജനങ്ങള്‍ കരുതിപ്പോരുന്നത്. പിതൃസന്നിധിയില്‍ പറയാന്‍ ഭയപ്പെടുന്ന കാര്യങ്ങള്‍പോലും അമ്മയുടെ മുന്നില്‍ പറയാറുണ്ട്, പ്രാര്‍ത്ഥിക്കാറുണ്ട്. ദേവിയുടെ ഇഷ്ടനിവേദ്യമായ അറുനാഴി, കടുംപായസം, കൂട്ടുപായസം, കരുതി, രക്തപുഷ്പാഞ്ജലി, തീയാട്ട്, കളംപാട്ട്, മുടിയേറ്റ് തുടങ്ങിയ നാനാവിധമായ വഴിപാടുകളും ഇവിടെ നടത്തപ്പെടുന്നു. ഭക്തസഹസ്രങ്ങള്‍ ദേവിയെ മനമുരുകി പ്രാര്‍ത്ഥിച്ചും മേല്‍പ്പറഞ്ഞ വഴിപാടുകള്‍ നടത്തിയും ഉദ്ദിഷ്ട കാര്യസിന്ധി നേടി സായൂജ്യമടയുന്നു. കന്നിമാസത്തില്‍ ഈ ക്ഷേത്രത്തില്‍ നടത്തുന്ന ദേവീഭാഗവത നവാഹയജ്ഞവും നവരാത്രി സംഗീത ഉത്സവവും ഭക്തജനങ്ങളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റത്തക്കവിധത്തില്‍ തുടര്‍ന്നു വരുന്നു. ഈ ദിവസങ്ങളില്‍ അമ്മയുടെ വകയായി നടത്തുന്ന പ്രസാദ ഊട്ടില്‍ ധാരാളം ഭക്തജനങ്ങള്‍ ഭാഗഭാക്കുകളാകാറുണ്ട്. ഇതൊരു ജന്മപുണ്യമായി ഭക്തര്‍ കണക്കാക്കുന്നു. ഇവിടുത്തെ രക്ഷസ്സിനും പ്രത്യേകം വഴിപാടുകള്‍ നടത്താവുന്നതാണ്.